അങ്ങനെ വീണ്ടും പ്രണയിക്കുന്ന ആളോട് പോയി പറയാൻ കഴിയാത്ത മറ്റൊരു പ്രണയം കൂടി…
കേട്ട് കേട്ട് സ്നേഹം തോന്നിയൊരാൾ… കാണാൻ കൊതിച്ചിരുന്നു. കണ്ടു. കണ്ടപ്പോഴൊക്കെ സ്നേഹത്തേക്കാൾ ആരാധന തോന്നി, ഇഷ്ടക്കേടും തോന്നിയിട്ടുണ്ട്….വഴക്ക് പറഞ്ഞപ്പോൾ ദേഷ്യം തോന്നി പിന്നെ വിഷമവും എന്നിട്ടും എനിക്ക് പ്രണയം തോന്നി….
Platonic Love…
ആദ്യം കണ്ടപ്പോൾ നോക്കിയതല്ലാതെ എന്നോടൊന്ന് സംസാരിച്ചുപോലുമില്ല… “എന്നോടൊന്ന് മിണ്ടിയാലെന്താ?” എന്ന് ചോദിക്കാൻ പലവട്ടം തോന്നി പക്ഷെ കേട്ട് കേട്ട് എനിക്കറിയുന്നപോലെ എന്നെയറിയില്ലല്ലോ? എന്നോട് ഒരുതരത്തിലുമുള്ള സ്നേഹമോ പരിഗണനയോ കാണിക്കേണ്ട ആവശ്യവുമില്ലല്ലോ??
എന്നിട്ടും എന്റെ കണ്ണുകൾ തേടിയത് മുഴുവൻ ആ ഒരാളെയാണ്…
ആദ്യമായി സംസാരിച്ചപ്പോൾ ചുറ്റുമുള്ളതൊന്നും കണ്ടില്ല. ചോദ്യങ്ങൾ തീരാതിരുന്നെങ്കിൽ എന്ന് തോന്നി… എന്റെ നേരെ നീട്ടിയ കൈ കണ്ട് സന്തോഷിക്കണോ, സന്തോഷം കൊണ്ട് വന്ന ആൻക്സൈറ്റിയിൽ തല കറങ്ങി വീഴണോ എന്നറിയാതെ ഒരു നിമിഷം പകച്ച് നിന്നു. തണുപ്പിലും ഹീറ്റർ പോലുള്ള എന്റെ ശരീരം തണുത്തുറഞ്ഞു… മരവിച്ച കൈകൾ കൊണ്ടാണ് ഞാൻ ഷേക് ഹാൻഡ് സ്വീകരിച്ചത്.
വീണ്ടും കാണാമെന്ന ചിന്തയൊക്കെ ഉപേക്ഷിച്ചാണ് ഞാനാ മുറിവിട്ടിറങ്ങിത്… കാണേണ്ട എന്ന് തന്നെ തീരുമാനിച്ചു…. ഒന്നുകൂടെ കണ്ടാൽ, മിണ്ടിയാൽ ടെയ്ലർ സ്വിഫ്റ്റ് പാടിയത് പോലെ
“Oh, my God, look at that face
You look like my next mistake”
എന്ന വരികൾ അർത്ഥവത്താവും എന്നെനിക്കുറപ്പായിരുന്നു.
എന്നിട്ടും വീണ്ടും കാണേണ്ടിയും, മിണ്ടേണ്ടിയും വന്നു…
ആരാധനയും, സ്നേഹവും, സങ്കടവും, മാറി മാറി വന്നു…. കാണുക പോയിട്ട് കേൾക്കുക പോലും വേണ്ട എന്നുപോലും തോന്നി. ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ പലതും കണ്ടുപിടിച്ചു എന്നിട്ടും സ്നേഹം തോന്നുന്നു… ആരാധന മൂത്ത് വട്ടായി എന്നൊക്കെ പറയില്ലേ അതന്നെ….
കാണുമ്പോഴൊക്കെ തിരക്കൊഴിഞ്ഞു സംസാരിക്കണമെന്നും, എന്റെ സ്നേഹം പറയണം എന്നൊക്കെ കരുതിയിരുന്നു… അതിനായി എഴുതിയ കത്തുകളിന്നും ഡയറിക്കുള്ളിൽ ശ്വാസംമുട്ടിക്കിടക്കുന്നുണ്ട്…
അതൊക്കെ കൊടുക്കാനുള്ള സ്നേഹമോ, സൗഹൃദമോ ഞങ്ങൾക്കിടയിലില്ല. അതിലേറെ എന്റെ സ്നേഹവും, പ്രണയവുമൊക്കെ മറ്റൊരർത്ഥത്തിൽ തെറ്റിദ്ധരിക്കപ്പെടുമോ എന്നുള്ള പേടിയുമുണ്ട്.. അതുകൊണ്ട് എല്ലാം എന്റെ കൈയ്യിൽ ഭദ്രം….
അല്ലെങ്കിൽ തന്നെ Platonic Love ഒക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും….
ആളുകൾ വിശ്വസിക്കുമോ എനിക്ക് നിങ്ങളുടെ ആത്മാവിനെ തൊട്ടറിഞ്ഞാൽ മതി എന്നൊക്കെ പറഞ്ഞാൽ??
അതുകൊണ്ട് പറയാറില്ല… പറയുകയും ഇല്ല….
എന്റെ സ്നേഹത്തിൽ ഞാൻ തന്നെ പൂക്കുകയും വാടുകയും ചെയ്യട്ടെ.
പറയാതിരിക്കുന്നതിനാൽ മാത്രം ഭംഗികൂടിയ സ്നേഹങ്ങളുടെ പ്രതിഫലനമാണ് ഞാൻ…
പറഞ്ഞിരുന്നെങ്കിൽ മാറ്റ് കുറയുമായിരുന്ന എത്രയെത്ര പ്രണയങ്ങൾക്കാണ് ഞാൻ കാവലിരിക്കുന്നത്….
പ്രണയിക്കപ്പെടുന്നവർ, എന്നെക്കൊണ്ടോ, എന്റെ സ്നേഹം കൊണ്ടോ ബുദ്ധിമുട്ടരുത് എന്ന നിർബന്ധമുള്ളതിനാൽ എന്റെ എല്ലാ പ്രണയങ്ങൾക്കും മുതലും, മുടിവും എന്നിൽ തന്നെയാവാറാണ് പതിവ്….
എന്നെങ്കിലും എന്നിൽ നിന്ന് പ്രണയം തിരിച്ചറിയാൻ കഴിഞ്ഞാൽ മനസ്സിലാക്കുക, നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിലും നൂറുകണക്കിന് സൂചനകൾ ഞാൻ തന്നിരുന്നു…
വായിക്കാൻ ശ്രമിക്കാത്ത നിങ്ങളും, പറയാൻ ശ്രമിക്കാത്ത ഞാനും ഒരേ കഥയുടെ രണ്ടറ്റങ്ങളാണ്. അതുകൊണ്ടാണെന്റെ സ്നേഹം ഇന്നും ഡയറിത്താളുകളിൽ കുടുങ്ങി കിടക്കുന്നത്…