ചന്ദ്രലേഖ ആദ്യമായി കണ്ടപ്പോൾ മുതൽ
ചന്ദ്രയോട് മാത്രമേ സ്നേഹം തോന്നിയിട്ടുള്ളൂ…
ചന്ദ്രയ്ക്ക് വേണ്ടി മാത്രമേ വിഷമിച്ചിട്ടുള്ളൂ…
കുട്ടിയായിരുന്നപ്പോഴും,
ഇപ്പോൾ വലിയ കുട്ടിയായപ്പോഴും,
ഞാൻ ചന്ദ്രക്കൊപ്പം തന്നെ…
ചന്ദ്രയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും
അപ്പുവിനെ സ്നേഹിച്ചേനെ.
ആന കൊടുത്താലും ആശ കൊടുക്കരുത്
എന്നൊക്കെ എല്ലാരും പറയും.
പക്ഷേ, ചന്ദ്രയ്ക്ക് ആശകൾ മാത്രം കൊടുത്ത്,
അവസാനം ടാറ്റാ ബൈ ബൈ പറഞ്ഞ
അപ്പുവിനെയും വീട്ടുകാരെയും
അന്നുമുതൽ ഇന്ന് വരെ എനിക്കിഷ്ടമില്ല…
വീണിടത്ത് നിന്ന് താങ്ങി നിർത്തിയ അപ്പുവിനോട് തോന്നിയ സ്നേഹമാണ്
തളർന്ന കാലുകൾ മനസ്സിനേക്കാൾ വേഗത്തിൽ ചലിക്കാൻ കാരണമായത്.
ഒരു വേദനയിൽ നിന്ന് കരകയറി വരുമ്പോഴേക്കും
മറ്റൊരു വേദന…
ചന്ദ്ര സ്വയം തിരിച്ചറിയുന്നതിന് മുൻപ്
ആർക്കെങ്കിലും പറയാമായിരുന്നു ചന്ദ്രയോട്
അപ്പുവിനെയും ലേഖയെയും കുറിച്ച്.
അത്രയ്ക്കൊക്കെ ദയ അർഹിച്ചിരുന്നില്ലേ ചന്ദ്ര??
അപ്പുവും ലേഖയും
സിനിമയുടെ അവസാനം ഒന്നിക്കുമ്പോഴും
എല്ലാവർക്കും സന്തോഷം…
പക്ഷേ,
ചന്ദ്ര ശരിക്കും സന്തോഷിക്കുമോ?
രണ്ട് തവണ കൈയെത്തുന്ന ദൂരത്ത് നിന്ന് സ്നേഹം നഷ്ടപ്പെടുന്നത്,
ആർക്കാണ് സഹിക്കാൻ കഴിയുക…?
മേനോൻ ഇരവിയെ ചേർത്ത് പിടിച്ച സമയത്ത്
ചന്ദ്രയെ ചേർത്ത് പിടിക്കണമായിരുന്നു…
ഒരു ചേർത്ത് നിർത്തൽ
മറ്റാരേക്കാളും ആവശ്യം ചന്ദ്രക്ക് തന്നെയായിരുന്നു.
വാക്കുകളായാലും പ്രവർത്തിയായാലും
ഒരു വ്യക്തിയോട് എന്ത് തരത്തിലുള്ള അടുപ്പമാണ്
ഉള്ളത് എന്ന് വ്യക്തമായി അറിയിക്കുന്ന രീതിയിലാവണം
എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്…
ചന്ദ്രയോട്
“നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം”
എന്ന് പാടീട്ട്
അപ്പുറത്ത് പോയി ലേഖയോടൊപ്പം ഡാൻസ് കളിക്കുന്ന അപ്പു…
സിനിമയായാലും ജീവിതമായാലും,
സ്നേഹത്തിന് എപ്പോഴും ഒരേ മധുരവും കയ്പ്പുമാണ്…
ഓരോ തവണ ചന്ദ്രലേഖ കാണുമ്പോഴും,
ഇനിയും ചന്ദ്രയ്ക്ക് വേണ്ടി ചിന്തിക്കും, വാദിക്കും,
ഏറ്റവും സ്നേഹത്തോടെ ചേർത്ത് നിർത്തും…
Dear Chandra,
എന്നെന്നേയ്ക്കും
നിങ്ങളെ ഞാനെന്റെ ഹൃദയത്തിൽ രേഖപെടുത്തുന്നു…
സ്നേഹം കൊണ്ടുണങ്ങുന്ന മുറിവാണെങ്കിൽ
തീർച്ചയായും നിങ്ങൾ സുഖപ്പെടും.
വീണ്ടുമൊരിക്കൽ,
വേദനയാൽ ആ ഹൃദയം മുറിയാതിരിക്കട്ടെ… ❤️