സ്നേഹം

അതെ ഞാൻ ഒരുപാട് മാറി… എനിയ്ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്തത്ര മാറി. “വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്നതെത്ര സത്യം. വളരെയധികം വേദനിച്ച വേദനിപ്പിച്ച സൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും ആകെത്തുകയാണ് ഞാൻ. വേദനിച്ചു എന്നൊക്കെ പറയുമ്പോൾ ടോക്സിക് ആയി മാത്രം കാണണ്ട അത്രയധികം സന്തോഷങ്ങളും സ്നേഹവും ഉണ്ടായിരുന്നതിനാലാണ് വേദനയും ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് മുൻപേയുള്ള എന്നെയും എനിക്കിഷ്ടമാണ്. പക്ഷേ ഇന്നത്തത്ര ഹൃദയവിശാലതയോ, കരുണയോ, ദയയോ, അനുകമ്പയോ എന്നിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ കൂടുതൽ മനുഷ്യനായി തോന്നുന്നത് ഇപ്പോഴാണ്. എന്നെ മാറ്റിയത് എന്റെ സ്നേഹം തന്നെയാണ്. കൊടുത്തിട്ടും കൊടുത്തിട്ടും മതിയാവാത്തതും, തിരിച്ചുകിട്ടാത്തതും, പകുതിയിൽ തീർന്നുപോയതും തുടങ്ങി ഒരുപാട് സ്നേഹം. സ്നേഹിച്ചവരെല്ലാം എന്നിലെ എന്നെ കൊണ്ടുപോയപ്പോൾ പകരം വച്ചിട്ടുപോയതാണ് ഇപ്പോഴത്തെ ഞാൻ… എനിക്കേറെ ഇഷ്ടമുള്ള ഞാൻ… ചിരിയ്ക്കുന്ന, അംഗീകരിയ്ക്കുന്ന, ഒരുപരിധിവരെ മനസ്സിലാക്കുന്ന, ഒരുങ്ങി നടക്കുന്ന, കൂട്ടുകൂടണം എന്ന് തോന്നുന്നവരുടെ പുറകെ നടന്ന് കൂട്ടുകൂടുന്ന, ഇങ്ങോട്ട് വിളിച്ചില്ലെങ്കിലും അന്വേഷിച്ചില്ലെങ്കിലും അങ്ങോട്ട് വിളിക്കുന്ന, ഓർമ്മിക്കുമ്പോഴൊക്കെ അവർക്ക് വേണ്ടി കുറിപ്പുകൾ എഴുതുന്ന, തിരിച്ചുകിട്ടണം എന്നൊക്കെ അമിതമായി ആഗ്രഹിക്കാതെ മുന്നിൽ നിൽക്കുന്ന ഏതൊരാളെയും സ്നേഹിക്കുന്ന, ചേർത്തുനിർത്തുന്ന, എനിയ്ക്കുവേണ്ടിയും സമയം മാറ്റിവയ്ക്കുന്ന ഞാൻ. സ്നേഹം മാറ്റും … മാറ്റാത്തതൊന്നും സ്നേഹമല്ല… ഇനിയും കനിവുള്ളവളാകാൻ സ്നേഹം എന്നിൽ നിറയട്ടെ…. 

“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും “

Leave a comment

Design a site like this with WordPress.com
Get started