വീട്

തിരക്കൊഴിഞ്ഞ് പുസ്തകങ്ങളിലേക്കൂഴിയുടാം എന്നുകരുതിയിരിക്കുമ്പോഴാണ് മാസങ്ങൾക്ക് ശേഷം, അതെ എന്നെപോലെ തന്നെ എന്റെ ആളുകളും ഫോണിൽ വിളിച്ച് സംസാരിക്കാൻ വളരെയധികം മടിയുള്ളവരാണ്…. എന്നാൽ സംസാരിച്ചുതുടങ്ങിയാൽ നിർത്താത്തവരും…. സത്യം പറയട്ടെ ക്ഷീണം കാരണം ഫോൺ എടുക്കാനും അവളോടുള്ള സ്നേഹം കൊണ്ടെടുക്കാതിരിക്കാനും വയ്യാതെയാണ് സംസാരം തുടങ്ങിയത്… എപ്പോഴത്തെയും പോലെ മറുതലക്കലെ ഹലോ കേട്ടതോടെ എന്നിലെ വായാടി ഉണർന്നു… ക്ഷീണം വാതിലും തുറന്നോടി…. സംസാരത്തിനിടയിൽ എന്റെ ബ്ലോഗിനെ കുറിച്ചും അതിലെ ഒന്ന് രണ്ട് പോസ്റ്റുകളെ കുറിച്ചുമായി ചർച്ച…. സ്നേഹത്തിൽ മുങ്ങിതപ്പുന്ന ഞാനും അതിരും വരമ്പും വച്ച് സ്നേഹിക്കുന്ന അവളും.. ഒരു വഴക്കിന് വേറെ ചേരുവകളൊന്നും തൽക്കാലം ആവശ്യമില്ല…. അതിപ്പോൾ എപ്പോഴും ഞങ്ങൾ അങ്ങനെ തന്നെയാണ്…. നേരിൽ കണ്ടിട്ട് 12 വർഷമെങ്കിലും ആയി… പക്ഷേ വഴക്കിന് യാതൊരു കുറവുമില്ല…. അവൾക്ക് പ്രണയത്തിൽ നിന്നും എനിക്ക് സൗഹൃദത്തിൽ നിന്നും കിട്ടിയ വേദന … അവൾ കൂടുതൽ വേദനിക്കാതിരിക്കാൻ സ്നേഹത്തിന് വേലികെട്ടി…. ഞാൻ കെട്ടിയ വേലികളെല്ലാം പൊട്ടിച്ച് സ്നേഹിക്കാനും തുടങ്ങി… എനിക്ക് ആളുകളെ സ്നേഹിച്ചാൽ മതി…. എന്റെ സ്നേഹത്തിൽ ആളുകളങ്ങനെ സന്തോഷിച്ചാൽ മതി എനിക്കതാണ് സന്തോഷം…. അവൾക്ക് സ്നേഹം വേണം… കൊടുക്കുന്നത്രതന്നെ വേണം…. സ്നേഹമില്ലായ്മ പേടിയാണെന്ന് പറയും… എനിക്ക് എന്റെയുള്ളിൽ സ്നേഹമില്ലാതാവുന്നതാണ് പേടി…. അവളെന്നെ കളിയാക്കി പറയാറുണ്ട് സ്നേഹത്തിന്റെ അക്ഷയപാത്രം എന്ന്…. എനിക്കതിഷ്ടമാണ്… സ്നേഹിക്കപ്പെടാൻ മാത്രം ആഗ്രഹിച്ചിരുന്ന ഞാൻ ഒന്നുറങ്ങിയെഴുന്നേറ്റപ്പോൾ സ്നേഹിക്കുന്നവൾ മാത്രമായി…. ഈ സ്നേഹിക്കുക എന്ന് പറഞ്ഞാൽ ശരിക്കും എന്താ??? വെറുതേ ഒരാളെ നോക്കിയിരിക്കുന്നതാണോ??? എനിയ്ക്ക് സ്നേഹം എന്താണെന്നറിയില്ല…. കാണുന്നതോ, മിണ്ടുന്നതോ, കൂടെയിരിക്കുന്നതോ അല്ല എന്നാൽ ഇതൊക്കെയുമാണ്…. എനിയ്ക്കെന്റെ ആളുകളാണ് സ്നേഹം…. എനിക്കിഷ്ടമുള്ള ആളുകളുടെ പേര്, ഇഷ്ടങ്ങൾ ഒക്കെ എനിയ്ക്ക് സ്നേഹമാണ്… മറ്റുള്ളവരെ നമ്മുടെ സന്തോഷമായി കാണരുത് എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്… പക്ഷേ എനിക്ക് എന്റെ ആളുകൾ സന്തോഷങ്ങൾ ആണ്… അവരുള്ളതിനാൽ ചിരിക്കുന്ന ഞാൻ…. ജീവിക്കുന്ന ഞാൻ….. എന്റെ ആളുകൾ എനിക്ക് വീടുകളാണ്…. ഒരുപാടാളുകളെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ വീടുകളുടെ എണ്ണവും കൂടിയത്…. വീടില്ലാതെ നിന്നപ്പോഴാണ് വീടുകളെ കുറിച്ചോർത്തത്…. എനിക്കും ആളുകൾക്കും ഒരേപോലെ വീടുകൾ വേണമെന്ന് മനസ്സിലായത്…. എന്റെ സന്തോഷവും സ്നേഹവുമെല്ലാം എന്റെ ആളുകളാണ്…. അവളും എന്റെ സ്നേഹമാണ്… ഒരു സ്നേഹവീടാണ്…
അവളും നാനും അമുതും തമിഴും….

Leave a comment

Design a site like this with WordPress.com
Get started