തെളിവ്

എല്ലാ സന്തോഷങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പതിവ് തെറ്റാതെ കടന്ന് വരുന്ന അതിഥിയാണ് കാടുകയറിയുള്ള ചിന്തകൾ. തുടക്കവും ഒടുക്കവും ഇല്ലാത്ത എന്നാൽ തല തല്ലിപ്പൊളിയ്ക്കാൻ തോന്നുന്ന ചിന്തകൾ. ഇരുന്നിടത്ത് നിന്ന് എണീറ്റ് പോരാൻ പോലും സമ്മതിക്കാത്ത വിധം ചിന്തകൾ ചില രാത്രികളിൽ എന്നെ മുറിയുടെ കോണിലോ, ബാത്രൂമിലോ, ബാൽക്കണിയിലോ, മറ്റെവിടെയെങ്കിലുമൊക്കെയോ തളച്ചിടാറുണ്ടായിരുന്നു മുമ്പൊക്കെ. ഇപ്പോൾ സർവശക്തിയുമെടുത്ത് ഓടും. ശ്വാസം കിട്ടും എന്നുറപ്പുള്ളിടത്തേക്ക്. അങ്ങനൊരു ഓട്ടത്തിനിടയിലാണ് ഞാനവളെ കണ്ടത്. എൻ്റെ ചിന്തകളെ തൂത്തെറിഞ്ഞുകൊണ്ട് അവളങ്ങനെ വരാന്തയിലെ ജനലിലൂടെ ആകാശം നോക്കി കരയുന്നു. ഒരേഴുവയസുകാരി കാന്താരി. തീൻമേശക്ക് ചുറ്റുമിരുന്ന് വികൃതികാണിക്കുകയും, എല്ലാവരെയും ഒരുപോലെ ശല്യപ്പെടുത്തുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വികൃതി കുടുക്ക. ആ കുഞ്ഞ് ഈ നട്ട പാതിരക്ക് ആകാശം നോക്കി എന്തിന് കരയുന്നു എന്നായിരുന്നു ആദ്യം തോന്നിയത്. ഈ കുഞ്ഞിന് ഈ പ്രായത്തിൽ എന്ത് വിഷമം. അത് ചിന്തിച്ച് തീരാൻ സമ്മതിയ്ക്കാതെ എന്നിലെ കുഞ്ഞിൻ്റെ ഓർമ്മകൾ എന്നിലേയ്ക്ക് ഓടിക്കയറി. പിന്നൊന്നും നോക്കിയില്ല എന്നാലാവുന്ന വിധം വേഗത്തിൽ ചെന്ന് അവളെ ഞാൻ ചേർത്തുനിർത്തി. പ്രേതത്തെ കണ്ടപോലെ പേടിച്ചുനിന്ന അവളോട് ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല. ചോദിച്ചാലും അപ്പോൾ രക്ഷപെടാൻ വേണ്ടി എന്തെങ്കിലും കള്ളം പറയും എന്നതിലുപരി മണിക്കൂറുക്കളുടെ പരിചയം മാത്രമുള്ള ആ കുഞ്ഞിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചില്ല. കരച്ചിലടക്കാൻ പാടുപെട്ട ആ കുട്ടിയുടെ ഏങ്ങലടി ചാട്ടവാറടിയായി കൊണ്ടത് എൻ്റെ ഹൃദയത്തിൽ ആണ്. ജീവിതത്തിൻ്റെ തുടക്കമാണെന്നും ഇനിയും ഒരുപാട് സഞ്ചരിയ്ക്കാൻ ഉണ്ടെന്നും വഴിയിൽ നല്ലതിനോളം ചീത്തയുമുണ്ടെന്നും നമ്മുക്ക് നമ്മളെ ഉള്ളൂവെന്നും ആ കുഞ്ഞിൻ്റെ കണ്ണീർവറ്റാത്ത കണ്ണുകളിൽ നോക്കിപറയുവാനുള്ള ധൈര്യം എനിയ്ക്കില്ലായിരുന്നു. ഒന്ന് മാത്രം പറയാൻ തോന്നി ജീവിതത്തിൻ്റെ ഏത് പരീക്ഷണത്തിലും നമുക്ക് നമ്മളേ ഉണ്ടാവൂ എന്ന്, അതുകൊണ്ട് മനസറിഞ്ഞ് നമ്മളെ സ്നേഹിയ്ക്കണം എന്ന്. ആ കുഞ്ഞിനെന്ത് മനസിലായി എന്നെനിയ്ക്കറിയില്ല. ഒരുപക്ഷേ ആ കുഞ്ഞിനേക്കാൾ എൻ്റെ ഉള്ളിലെ കുഞ്ഞിനായിരിക്കാം അത് വേണ്ടിയിരുന്നത്. വരാന്ത വിട്ട് മുറിയിലേക്ക് പോരുമ്പോൾ മധുരമല്ലെങ്കിലും കയ്പില്ലാത്തൊരു ജീവിതം എൻ്റെ ഉള്ളിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ നമ്മൾ കൊടുക്കുന്ന ഉപദേശങ്ങളൊക്കെ നമ്മൾ നമ്മുക്ക് വേണ്ടി തന്നെ പറയുന്നതാണ്. അതൊക്കെ മറ്റുള്ളവരേക്കാൾ ആവശ്യവും നമ്മുക്ക് തന്നെയാണ്…

Leave a comment

Design a site like this with WordPress.com
Get started